സൗദിയിൽ മഴ തുടരുന്നു; വിവിധ പ്രവിശ്യകളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിൽ നിലവിൽ മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ കാലാവസ്ഥാ വ്യതിയാനം ഹാഇൽ മേഖലയിലേക്കും വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം തന്നെ മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, ഖസീം, റിയാദ്, നജ്‌റാൻ എന്നീ മേഖലകളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി (Visibility) കുറഞ്ഞേക്കാം.
ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേക നിർദേശം നൽകി. വാദി മേഖലകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.