ഒമാനിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

 

ഒമാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് സുൽത്താനേറ്റിൽ കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത തോതിലുള്ള മഴ ലഭിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ താപനില ഗണ്യമായി വർധിച്ചിരുന്നു. പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ബർക്കയിലാണ് ഏറ്റവും ഉയർന്ന താപനില (39.9°C) റിപ്പോർട്ട് ചെയ്തത്. വാദി അൽ മാവിൽ, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിൽ 39.2 ഡിഗ്രിയും മഹൂത്തിൽ 39.1 ഡിഗ്രിയും രേഖപ്പെടുത്തി. ഉയർന്ന ചൂടിന് പിന്നാലെ എത്തുന്ന മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അതേസമയം, അയൽരാജ്യമായ സൗദി അറേബ്യയിലും വരുംദിവസങ്ങളിൽ കനത്ത മഴ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഈദ് അൽ ഫിത്ർ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മഴ സാധ്യതയുള്ള പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾക്ക് പകരം ജുമാ മസ്ജിദുകൾക്കുള്ളിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കണമെന്ന് സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി.