യുഎഇയിൽ ബുധനാഴ്ച മഴയ്ക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബുധനാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. മഴയ്ക്ക് പിന്നാലെ താപനിലയിലും കുറവുണ്ടാകും. ബുധനാഴ്ച കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന്റെ ഭാഗമായാണ് നേരിയ മഴ പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച രാത്രി മുതൽ ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും മേഘങ്ങൾ വ്യാപിക്കുകയും ബുധനാഴ്ചയോടെ ചെറിയ മഴയായി മാറുമെന്നുമാണ് കരുതുന്നത്. ബുധനാഴ്ച ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും മേഘങ്ങൾ അബുദാബിയിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും നീങ്ങുമെന്നും തുടർന്ന് വടക്ക്-കിഴക്കൻ മേഖലകളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്യുമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം.
പലയിടങ്ങളിലും നേരിയ മഴയ്ക്കാണ് സാധ്യതയെങ്കിലും വടക്ക്, കിഴക്ക് മേഖലകളിൽ മഴ ശക്തമാകാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി മുതൽ മേഘങ്ങൾ കുറയും. കാറ്റ് തെക്ക്-കിഴക്ക് ദിശയിലായിരിക്കും വീശുക. ഇത് പിന്നീട് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറും. ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ അറേബ്യൻ ഗൾഫിലെ കടൽ പ്രക്ഷുബ്ധമാകുമെന്നും എൻ.സി.എം വ്യക്തമാക്കി.