യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

 

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. കിഴക്കൻ പ്രദേശങ്ങളിലും രാജ്യത്തിന്റെ ആഭ്യന്തര മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും ഇന്ന് രാജ്യത്ത് അനുഭവപ്പെടുക.

അബുദാബിയിൽ താപനില 31 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 32 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ഇരു നഗരങ്ങളിലും അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 35 മുതൽ 80 ശതമാനം വരെ ഉയർന്നേക്കാം.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെ വേഗം പ്രാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.