യുഎഇയിൽ നാളെയും മഴയ്ക്ക് സാധ്യത: പൊടിപടലങ്ങളോടുകൂടിയ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
യുഎഇയിൽ ഓഗസ്റ്റ് 19 ബുധനാഴ്ചയും മഴ തുടരാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ഉയർന്ന നിലയിൽ തുടരും. ഈ സമയങ്ങളിൽ മൂടൽമഞ്ഞിന് (Mist) സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനിടയുണ്ട്. അബുദാബിയിലും ഷാർജയിലും താപനില 32°C മുതൽ 45°C വരെയായിരിക്കും. ദുബായിൽ ഉയർന്ന താപനില 44°C ഉം കുറഞ്ഞ താപനില 31°C ഉം രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മിതമായ കാറ്റ് വീശുമെങ്കിലും, ചില സമയങ്ങളിൽ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാകും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.