സൗദിയിൽ ഇന്ന് മഴയെത്തും; വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
Aug 12, 2026, 10:04 IST
റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥ കാരണം കാഴ്ചാപരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അൽ അഫ്ലജ്, സുലൈൽ, വാദി അദ്-ദവാസിർ, അൽ റെയ്ൻ, അൽ ഖുവയ്യ, അൽ ഹരീഖ്, അൽ ഖർജ്, അദ് ദിലം, അൽ മുസാഹ്‌മിയ, ഹൗത്ത ബാനി തമീം എന്നീ ഗവർണറേറ്റുകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
മഴയുള്ള സമയങ്ങളിൽ വാദികൾ, താഴ്‌വരകൾ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിച്ചു.