സമൂഹ വിവാഹ വേദിയിൽ 'അയാല' നൃത്തച്ചുവടുകളുമായി റാക് കിരീടാവകാശി; വീഡിയോ വൈറൽ
റാസൽഖൈമയിൽ നടന്ന സമൂഹ വിവാഹ ചടങ്ങിൽ ജനങ്ങൾക്കൊപ്പം ചേർന്ന് പരമ്പരാഗത 'അയാല' നൃത്തച്ചുവടുകൾ വെച്ച് റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ ഖാസിമി. എമിറേറ്റിൽ നടന്ന പതിമൂന്നാമത് സമൂഹ വിവാഹ വേദിയിലാണ് കിരീടാവകാശി തനത് നൃത്തരൂപത്തിന്റെ ഭാഗമായത്. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും നെറ്റിസൺസ് ഏറ്റെടുക്കുകയും ചെയ്തു.
യു.എ.ഇയുടെയും ഒമാന്റെയും സാംസ്കാരിക ചരിത്രത്തോട് ചേർന്നുനിൽക്കുന്ന പരമ്പരാഗത നൃത്തരൂപമാണ് 'അയാല'. 'സ്റ്റിക്ക് ഡാൻസ്' എന്നും ഇത് അറിയപ്പെടുന്നു. യുദ്ധവിജയങ്ങളും മുത്തുവാരൽ കഴിഞ്ഞുള്ള ആഹ്ലാദപ്രകടനങ്ങളും ആഘോഷിക്കാനാണ് പൂർവ്വികർ ഈ നൃത്തം രൂപപ്പെടുത്തിയത്. ഐക്യവും അച്ചടക്കവും പ്രകടമാക്കുന്ന രീതിയിൽ വരികളായി നിന്ന്, താളത്തിനൊത്ത് വടികൾ ചലിപ്പിച്ചും തല ചായ്ച്ചുമാണ് ഇത് അവതരിപ്പിക്കുന്നത്. അറബ് കവിതകളും തനത് സംഗീതോപകരണങ്ങളും ഇതിന് അകമ്പടി സേവിക്കുന്നു.
പണ്ട് കാലത്ത് തോക്കുകളും വാളുകളും ഉപയോഗിച്ചാണ് അയാല നൃത്തം ചെയ്തിരുന്നതെങ്കിലും സുരക്ഷ മുൻനിർത്തി ഇപ്പോൾ മുളന്തണ്ടുകളും മരത്തിൽ നിർമ്മിച്ച മാതൃകകളുമാണ് ഉപയോഗിക്കുന്നത്. ഇരുപതോളം പേർ വീതമുള്ള രണ്ട് സംഘങ്ങൾ അഭിമുഖമായി നിന്ന് കാവ്യാത്മകമായ ഈണങ്ങൾക്കൊപ്പം ചുവടുവെക്കുന്നതാണ് ഇതിന്റെ രീതി. ഓടക്കുഴലുകൾ, പിച്ചള കൈത്താളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ഈ നൃത്തം യു.എ.ഇയിലെ എല്ലാ വിശേഷാവസരങ്ങളിലെയും പ്രധാന ഇനമാണ്.