റമദാൻ ഒരുക്കം: മക്കയിലും മദീനയിലും 22 ലക്ഷം സംസം കുപ്പികൾ വിതരണത്തിന് സജ്ജം

 

റമദാൻ മാസത്തിൽ മക്ക, മദീന ഹറമുകളിലെത്തുന്ന തീർഥാടകർക്കായി വിപുലമായ ഒരുക്കങ്ങളുമായി കിങ് അബ്ദുല്ല സംസം സുഖ്‌യ പദ്ധതി. റമദാനിലെ വർധിച്ച ആവശ്യം മുൻകൂട്ടി കണ്ട് 22 ലക്ഷത്തിലധികം സംസം കുപ്പികൾ വിതരണത്തിനായി സജ്ജമാക്കിയതായി നാഷനൽ വാട്ടർ കമ്പനി അറിയിച്ചു.

തിരക്ക് പരിഗണിച്ച് പ്രതിദിനം അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം കുപ്പികളാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്. പ്രധാന കേന്ദ്രത്തിന് പുറമെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 750-ലധികം വിതരണ കേന്ദ്രങ്ങൾ വഴി സംസം ലഭ്യമാകും. കൂടാതെ, ‘നുസുക്’ (Nusuk) ആപ്പ് വഴി 330 മിില്ലി ലിറ്ററിന്റെ ചെറിയ കുപ്പികളും തീർഥാടകർക്ക് സ്വന്തമാക്കാം. മക്കയിലെ മസ്ജിദുൽ ഹറാമിൽ 24 മണിക്കൂറും വിതരണം ഉറപ്പാക്കുന്നതിനൊപ്പം, മദീനയിലെ മസ്ജിദുന്നബവിയിലേക്ക് പ്രതിദിനം അഞ്ച് കോടി ലിറ്ററിലധികം ജലം എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ, മനുഷ്യസ്പർശമേൽക്കാതെയാണ് സംസം ശേഖരിക്കുന്നതും കുപ്പികളിലാക്കുന്നതും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അത്യാധുനിക ലാബുകളിൽ പ്രതിദിനം 400-ലധികം പരിശോധനകൾ നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.