റമദാൻ; ഷാർജ മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യം
റമദാൻ മാസത്തോടനുബന്ധിച്ച് ഷാർജയിലെ മ്യൂസിയങ്ങളിൽ സന്ദർശകർക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. ഷാർജ മ്യൂസിയംസ് അതോറിറ്റി (SMA) സംഘടിപ്പിക്കുന്ന ‘റമദാൻ ലമ്മ’ എന്ന സംരംഭത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഫെബ്രുവരി 26 മുതൽ മാർച്ച് വരെ നീളുന്ന ഈ കാലയളവിൽ സന്ദർശകർക്ക് യാതൊരു നിരക്കുമില്ലാതെ മ്യൂസിയങ്ങൾ സന്ദർശിക്കാവുന്നതാണ്. കുടുംബങ്ങളെയും സമൂഹത്തെയും റമദാൻ ആഘോഷങ്ങളുടെ ഭാഗമായി ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
‘ഗാർഡൻസ് ആൻഡ് ടെയിൽസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വിപുലമായ സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വർക്ക്‌ഷോപ്പുകൾ, സാംസ്‌കാരിക മത്സരങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ, ഫുഡ് കോർണറുകൾ എന്നിവയും മ്യൂസിയങ്ങളിൽ സജ്ജമാണ്. കൂടാതെ, ‘കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ്‌സ് ഓഫ് അൽ അന്ദാലൂസ്’ എന്ന താൽക്കാലിക പ്രദർശനം കാണാനും സന്ദർശകർക്ക് അവസരമുണ്ടാകും.
റമദാൻ മാസത്തിൽ രണ്ട് ഷിഫ്റ്റുകളിലായാണ് മ്യൂസിയങ്ങൾ പ്രവർത്തിക്കുക. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും, ശനി, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തന സമയം. എന്നാൽ വെള്ളിയാഴ്ചകളിൽ മ്യൂസിയങ്ങൾക്ക് അവധിയായിരിക്കും. റമദാന്റെ അവസാന പത്ത് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ മ്യൂസിയങ്ങൾ പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു.