മസീറ തീരത്ത് അപൂർവ്വ അതിഥികൾ; അറബിക്കടൽ ഹംപ്ബാക്ക് തിമിംഗലങ്ങളെ കണ്ടെത്തി

 

ഒമാനിലെ മസീറ ദ്വീപിന് സമീപം ലോകത്തിലെ ഏറ്റവും അപൂർവ്വമായ 'അറബിക്കടൽ ഹംപ്ബാക്ക് തിമിംഗലങ്ങളെ' (Arabian Sea Humpback Whales) കണ്ടെത്തി. മസീറ ഉൾക്കടലിലെ പ്രധാന ജൈവവൈവിധ്യ മേഖലയിൽ ഇവ കൂട്ടമായി ഇര തേടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഈ തിമിംഗലങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട തിമിംഗല വിഭാഗങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

മറ്റ് തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവ ദീർഘദൂര കുടിയേറ്റം നടത്താറില്ല എന്ന പ്രത്യേകതയുണ്ട്. വർഷം മുഴുവനും ഒമാൻ തീരത്ത് തന്നെ വസിക്കുന്ന ഇവ ജനിതകപരമായും മറ്റ് ഹംപ്ബാക്ക് തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിലവിൽ ഇവയുടെ ആകെ എണ്ണം നൂറിൽ താഴെ മാത്രമാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. മസ്‌കത്തിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള മസീറ ദ്വീപിന്റെ കിഴക്കൻ തീരമാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം.

ഒമാൻ എൻവയോൺമെന്റ് അതോറിറ്റിയും എൻവയോൺമെന്റ് സൊസൈറ്റി ഓഫ് ഒമാനും സംയുക്തമായി ഈ തിമിംഗലങ്ങളെ സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ഉപഗ്രഹ ടാഗിംഗ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതും വലിയ കപ്പലുകളുമായി കൂട്ടിയിടിക്കുന്നതുമാണ് ഇവ നേരിടുന്ന പ്രധാന വെല്ലുവിളികൾ.