റാസൽഖൈമ ബസ് അപകടം; മരണസംഖ്യ 13 ആയി, 14 പേർക്ക് പരിക്ക്

 

യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 41 പേരാണ് ബസിലുണ്ടായിരുന്നത്.

റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ 11 പേർ മരിച്ചതായാണ് ആദ്യം പുറത്തുവന്ന പുറത്തുവന്ന വിവരം. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടിരുന്നത്

ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും ഉറപ്പാക്കിയിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അന്വേഷണം പൂർത്തിയായ ശേഷം ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.