വ്യാജ വാഹന ഇൻഷുറൻസ് ഓഫറുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്

 

ഇന്റർനെറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാഹന ഇൻഷുറൻസ് ഓഫറുകളിൽ ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ് ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും മുന്നറിയിപ്പ് നൽകി. അവിശ്വസനീയമാംവിധം കുറഞ്ഞ നിരക്കുകൾ കാണിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിപണിയിലെ സാധാരണ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പ്രീമിയം തുക വാഗ്ദാനം ചെയ്യുക, സുരക്ഷിതമല്ലാത്ത വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുക, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വ്യക്തിഗത രഹസ്യ വിവരങ്ങളും ആവശ്യപ്പെടുക എന്നിവയാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ രീതികളെന്ന് പൊലീസ് വ്യക്തമാക്കി.

പണം കൈമാറുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസും വിശ്വാസ്യതയും പൂർണ്ണമായും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം തട്ടിപ്പുകൾ നടത്തുന്ന നിരവധി പേരെ ഇതിനോടകം പിടികൂടി നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് റാക് പൊലീസ് അറിയിച്ചു. സംശയാസ്പദമായ രീതിയിലുള്ള ഓഫറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ വീണുപോകാതെ ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.