പുതുവത്സര ദിനത്തിൽ ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ റാസൽഖൈമ

 

റാസൽഖൈമയുടെ ആകാശത്ത് ഡ്രോണുകൾ വിരിയിച്ച വിസ്മയത്തിന് ഗിന്നസ് ലോക റെക്കോർഡ്. മൾട്ടിറോട്ടർ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് രൂപപ്പെടുത്തിയ 'ഫീനിക്സ്' പക്ഷിയുടെ ഏറ്റവും വലിയ ദൃശ്യത്തിനാണ് ഈ നേട്ടം ലഭിച്ചത്. 2,300 ഡ്രോണുകൾ ഉപയോഗിച്ചാണ് അതിമനോഹരമായ ഈ ആകാശ ദൃശ്യം ഒരുക്കിയത്.

ഇതിൽ ഫീനിക്സ് പക്ഷിയുടെ ചിറകുകൾക്കായി മാത്രം 1,000 'പൈറോ ഡ്രോണുകൾ' (Pyro drones) പ്രത്യേകം ഉപയോഗിച്ചിരുന്നു. ഇതിന് പുറമെ 'ദ വെൽക്കം' (The Welcome) എന്ന പേരിൽ രണ്ടാമതൊരു ദൃശ്യം കൂടി ഡ്രോണുകൾ ആകാശത്ത് വിരിയിച്ചു. കടലിൽ നിന്ന് കൈകൾ വിരിച്ചുയരുന്ന ഒരു മനുഷ്യ രൂപമായിരുന്നു ഇത്. ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയായിരുന്നു റാസൽഖൈമയുടെ ഈ റെക്കോർഡ് പ്രകടനം.

എല്ലാവർഷവും പുതുവത്സര വേളയിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന റാസൽഖൈമ, ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്.