റാസ് ലഫാൻ ഗ്യാസ് പ്ലാന്റ് അപകടം; പരിക്കേറ്റവരെ ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി സന്ദർശിച്ചു
ഖത്തറിലെ റാസ് ലഫാൻ ബർസാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ ഖത്തർ ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി സന്ദർശിച്ചു.
ദോഹ ഹമദ് ജനറൽ ആശുപത്രി, അൽ വക്ര ഹമദ് ആശുപത്രി, ഹസം മെബൈരീക് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെയാണ് അദ്ദേഹം നേരിട്ടെത്തി കണ്ടത്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ അദ്ദേഹം, അവർക്ക് വേഗത്തിലുള്ള സുഖപ്രാപ്തി ആശംസിക്കുകയും ഖത്തറിന്റെ ഊർജ്ജമേഖലയുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ദുരന്തത്തിന് ഇരയായ മുഴുവൻ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഖത്തർ എനർജിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും മന്തി ഉറപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ ദൗർഭാഗ്യകരമായ ഈ അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ഏതാനും പേർ മാത്രമാണ് നിലവിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.