ലുസൈലിൽ റെക്കോർഡ് ജനക്കൂട്ടം; പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത് രണ്ടര ലക്ഷം പേർ
പുതുവർഷത്തെ വരവേൽക്കാൻ ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ എത്തിയത് റെക്കോർഡ് ജനക്കൂട്ടം. രണ്ടര ലക്ഷത്തിലേറെ പേരാണ് ലുസൈലിൽ ഒരുക്കിയ വർണ്ണാഭമായ പരിപാടികൾ ആസ്വദിക്കാൻ എത്തിയത്. ലേസർ ഷോ, കരിമരുന്ന് പ്രയോഗം, സംഗീത നിശ എന്നിവയോടെയാണ് ലുസൈൽ 2026-നെ വരവേറ്റത്.
ആയിരം വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുള്ള നാലായിരം പൈറോ ഡ്രോണുകളുടെ (Pyro Drones) വിസ്മയിപ്പിക്കുന്ന പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമായി. ഇതിന് പുറമെ 15,300 കരിമരുന്നു പ്രയോഗങ്ങളും ലുസൈലിന്റെ ആകാശത്ത് വിസ്മയമൊരുക്കി. ഖത്തറിലെ ദേശീയ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി ലുസൈൽ മാറിയെന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ ജനപങ്കാളിത്തം.
വൈകിട്ട് ആറ് മുതൽ പുലർച്ചെ രണ്ട് വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം. ലേസർ ഷോയ്ക്കും വെടിക്കെട്ടിനും പുറമേ തത്സമയ സംഗീത പരിപാടികളും അരങ്ങേറി. സന്ദർശകർക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.