ഖരീഫ് സീസണിൽ റെക്കോർഡ് തിരക്ക്; സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 6.86 ലക്ഷം യാത്രക്കാർ

 

ഖരീഫ് ദോഫർ സീസണിൽ സലാല വിമാനത്താവളം വഴി 6,86,808 യാത്രക്കാർ യാത്ര ചെയ്തതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസത്തിനിടെ 5,148 വിമാന സർവിസുകളാണ് വിമാനത്താവളത്തിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സലാലയിലേക്കെത്തിയ വിമാനങ്ങളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവുണ്ടായി.

ജൂണിൽ 92,735 പേരും ജൂലൈയിൽ 2,36,088 പേരും ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന സംഖ്യയായ 3,57,985 യാത്രക്കാരുമാണ് സലാല വിമാനത്താവളം വഴി കടന്നുപോയത്. ഖരീഫ് സീസണിലെ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് വിമാനത്താവളത്തിലെ യാത്രക്കാരുടെയും സർവിസുകളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക വക്താവ് ഹാമിദ് ബിൻ അഹമ്മദ് അൽ ബറാഷ്ദി വ്യക്തമാക്കി.