45 ദിവസത്തിനകം നിയമനം; ഒമാനിൽ പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു. 2027 ജനുവരി ഒന്നു മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി ഡോ. മഹാദ് ബിൻ സഈദ് ബിൻ അലി ബാവൈൻ അറിയിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഏജൻസികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായാണ് 390/2026 നമ്പർ മന്ത്രിതല ഉത്തരവിലൂടെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികൾ പരമാവധി 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ റിക്രൂട്ട്മെന്റ് സേവനങ്ങൾക്ക് രണ്ട് വർഷത്തെ ഗ്യാരണ്ടിയും ഏജൻസികൾ ഉറപ്പാക്കണം. ഏജൻസികൾ മന്ത്രാലയത്തിൽ 5,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടിയും 300 റിയാൽ ലൈസൻസ് ഫീസും നൽകണം. ഏജൻസികളുടെ ബിസിനസ്സ് ഉടമയോ പങ്കാളികളോ ഒമാൻ പൗരന്മാരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലുള്ള ലൈസൻസുകൾക്ക് അവയുടെ കാലാവധി തീരുന്നത് വരെ സാധുതയുണ്ടാകുമെങ്കിലും പുതുക്കുമ്പോൾ പുതിയ നിയമങ്ങൾ പാലിക്കേണ്ടി വരും.