റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; ആറാം പതിപ്പ് 2027 അവസാനത്തിൽ നടക്കും
ലോകശ്രദ്ധനേടിയ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (Red Sea International Film Festival) ആറാം പതിപ്പ് മാറ്റിവെച്ചതായി റെഡ് സീ ഫിലിം ഫൗണ്ടേഷൻ അറിയിച്ചു. 2026 ഡിസംബർ 3 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മേള, 2027-ന്റെ അവസാന പാദത്തിലേക്കാണ് മാറ്റിവെച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള വലിയ ചലച്ചിത്ര മേളയ്ക്ക് ആവശ്യമായ ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് സംഘാടകർ വ്യക്തമാക്കി.
2027-ൽ കൂടുതൽ പുതുമകളോടെയും സാംസ്കാരിക പ്രാധാന്യത്തോടെയും മേള തിരിച്ചെത്തുമെന്ന് ഫൗണ്ടേഷൻ ഉറപ്പുനൽകുന്നു. മേള താത്കാലികമായി മാറ്റിവെച്ചെങ്കിലും റെഡ് സീ ഫണ്ട്, റെഡ് സീ ലാബ്‌സ് തുടങ്ങിയ പദ്ധതികൾ വഴി ചലച്ചിത്ര മേഖലയ്ക്കുള്ള പിന്തുണ തുടർന്നും ലഭ്യമാക്കും. കൂടാതെ, 2026 നവംബർ മുതൽ ചരിത്രപ്രസിദ്ധമായ അൽ ബലദിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സാംസ്കാരിക-സിനിമാ പരിപാടികൾക്ക് ഫൗണ്ടേഷൻ തുടക്കം കുറിക്കും.
മേള മാറ്റിവെച്ച പശ്ചാത്തലത്തിൽ, സിനിമകൾ സമർപ്പിക്കുകയും രജിസ്‌ട്രേഷൻ തുക അടയ്ക്കുകയും ചെയ്തവർക്ക് പണം തിരികെ നൽകുന്നതിനുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.