യമൻ തടവുകാരുടെ മോചനം; അമ്മാനിലെ കരാറിനെ സ്വാഗതം ചെയ്ത് ഒമാൻ
യമനിലെ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട 1,600-ലധികം പേരെ മോചിപ്പിക്കാൻ ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണയെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് മാനുഷിക പരിഗണന മുൻനിർത്തിയുള്ള ഈ സുപ്രധാന തീരുമാനമുണ്ടായത്.
2025 ഡിസംബറിൽ ഒമാൻ ആതിഥേയത്വം വഹിച്ച സമാധാന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ തുടർച്ചയായാണ് പുതിയ കരാറെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യമനിലെ വർഷങ്ങൾ നീണ്ട സംഘർഷം സൃഷ്ടിച്ച മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ ഈ നീക്കം വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് പുതിയ ഊർജ്ജം നൽകും.
ഈ കരാർ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ജോർഡൻ, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര റെഡ്ക്രോസ് സമിതി (ICRC) എന്നിവയെ ഒമാൻ അഭിനന്ദിച്ചു. തടവുകാരുടെ മോചനം ഇരുവിഭാഗങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്നും, യമനിലെ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾക്ക് ഇത് കരുത്തുപകരുമെന്നും സുൽത്താനേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.