ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ആശ്വാസം; അബുദാബിയിൽ 10 ദിർഹത്തിന് ഫീഡർ ബസ് സർവീസുകൾ

 

യു.എ.ഇയിലെ പാസഞ്ചർ ട്രെയിൻ ശൃംഖലയായ ഇത്തിഹാദ് റെയിൽ വഴി യാത്ര ചെയ്യുന്നവർക്കായി അബുദാബിയിൽ ആകർഷകമായ കണക്റ്റിങ് ഷട്ടിൽ ബസ് സർവീസുകൾക്ക് തുടക്കമായി. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സർവീസുകൾക്ക് വൻ ജനപ്രീതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പുതിയ ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയത്. അബുദാബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി' റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലേക്ക് വെറും 10 ദിർഹം നിരക്കിൽ ഇനി യാത്ര ചെയ്യാം.

ട്രാഫിക് കുരുക്കുകളും പാർക്കിങ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഫീഡർ ബസുകൾ അബുദാബിയിലെ മൂന്ന് പ്രമുഖ മേഖലകളിലേക്കാണ് സർവീസ് നടത്തുന്നത്. ട്രെയിൻ സമയക്രമവുമായി കൃത്യമായി പൊരുത്തപ്പെടുന്ന രീതിയിൽ ദിവസേന മൂന്ന് നേരമാണ് ബസുകൾ ഓപ്പറേറ്റ് ചെയ്യുക. ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ ഷട്ടിൽ ബസ് സൗകര്യവും മുൻകൂട്ടി റിസർവ് ചെയ്യേണ്ടതുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് ബസ് ടിക്കറ്റുകൾ ലഭ്യമാകില്ല.

കോർണിഷ് റോഡിലെ ADNOC ആസ്ഥാനം (എമിറേറ്റ്സ് പാലസ് ഹോട്ടൽ, ഖസർ അൽ വതൻ എന്നിവയ്ക്ക് സമീപം), റീം ഐലന്റിലെ റീം മാൾ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം രാവിലെ 7:04, ഉച്ചയ്ക്ക് 12:38, വൈകുന്നേരം 5:24 എന്നീ സമയങ്ങളിൽ സ്റ്റേഷനിലേക്ക് ബസുകൾ പുറപ്പെടും (യാത്രാ സമയം: 50 മിനിറ്റ്). ADNEC സെന്ററിൽ നിന്നുള്ള ബസുകൾ രാവിലെ 7:29, ഉച്ചയ്ക്ക് 1:03, വൈകുന്നേരം 5:49 സമയങ്ങളിലായിരിക്കും സർവീസ് നടത്തുക (യാത്രാ സമയം: 30 മിനിറ്റ്). മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഈ കേന്ദ്രങ്ങളിലേക്ക് തിരിച്ചുള്ള ബസുകൾ രാവിലെ 7:39, ഉച്ചയ്ക്ക് 1:04, രാത്രി 7:33 എന്നീ സമയങ്ങളിൽ ഒരേസമയം പുറപ്പെടും. അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും വലിയ തോതിൽ ഉപകാരപ്പെടുന്നതാണ് ഇത്തിഹാദ് റെയിലിന്റെ ഈ പുതിയ യാത്രാ സൗകര്യം.