പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ
ദീർഘനാളത്തെ കാത്തിരിപ്പിനും പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങൾക്കും ഒടുവിൽ കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ച് ഗൾഫ് എയർ. നിലവിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബഹ്‌റൈൻ ആകാശപാത അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ ദമ്മാം വഴിയാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
സർവീസ് വിവരങ്ങൾ:
- കൊച്ചി: മാർച്ച് 27, 29, ഏപ്രിൽ 1 തീയതികളിൽ കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ബുക്കിങ് ലഭ്യമാണ്.
- തിരുവനന്തപുരം: മാർച്ച് 29-ന് തിരുവനന്തപുരത്തേക്കും മാർച്ച് 30-ന് തിരികെ ബഹ്‌റൈനിലേക്കും സർവീസ് ഉണ്ടാകും.
- ഇതിന് പുറമെ മാർച്ച് 28-ന് ഡൽഹിയിൽ നിന്ന് ബഹ്‌റൈനിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ മുംബൈയിലേക്കും ചെന്നൈയിലേക്കും നേരിട്ട് സർവീസ് ഉണ്ടായിരുന്നെങ്കിലും കേരളത്തെ ഗൾഫ് എയർ അവഗണിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ പ്രവാസി സംഘടനകളും വിഷയത്തിൽ ഇടപെടുകയും ഇന്ത്യൻ അംബാസഡർക്കും എയർലൈൻ അധികൃതർക്കും കത്തയക്കുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇപ്പോൾ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
സർവീസുകൾ പുനരാരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. തിരുവനന്തപുരത്തേക്ക് ബുക്കിങ് ആരംഭിച്ച സമയത്ത് 350 ദീനാറിനടുത്തായിരുന്ന നിരക്ക് നിലവിൽ 400 ദീനാറിലെത്തി നിൽക്കുന്നു. ഉയർന്ന നിരക്ക് കാരണം അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടവർക്ക് പോലും ഈ സർവീസുകൾ പ്രയോജനപ്പെടുത്താൻ പ്രയാസമാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുന്നതോടെ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും നിരക്കിൽ കുറവ് വരുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷ.