പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം; പാസ്‌പോർട്ടും രേഖകളും ഇനി വീട്ടിലെത്തും; ഖത്തർ പോസ്റ്റുമായി കരാർ ഒപ്പിട്ടു

 

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ദോഹയിലെ ഇന്ത്യൻ എംബസിയും ഖത്തർ പോസ്റ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ ഇനി എംബസിയിൽ നേരിട്ടെത്തി കൈപ്പറ്റുന്നതിന് പകരം ഖത്തർ പോസ്റ്റ് വഴി അപേക്ഷകരുടെ മേൽവിലാസത്തിൽ നേരിട്ടെത്തിക്കുന്ന സേവനത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.

ദോഹയിലെ ഖത്തർ പോസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുലും ഖത്തർ പോസ്റ്റ് സി.ഇ.ഒ ഹസൻ ജാസിം അൽ സെയ്ദും ചേർന്നാണ് കരാർ ഒപ്പിട്ടത്. പ്രവാസികൾക്ക് കൂടുതൽ മികച്ചതും ലളിതവുമായ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് അംബാസഡർ വ്യക്തമാക്കി.

അത്യാധുനിക ട്രാക്കിങ് സംവിധാനത്തോടെ സുരക്ഷിതമായ രീതിയിലാകും ഖത്തർ പോസ്റ്റ് രേഖകൾ വിതരണം ചെയ്യുന്നത്. അപേക്ഷകർക്ക് തങ്ങളുടെ രേഖകൾ എവിടെ എത്തിയെന്ന് ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാണ്.