കടുത്ത ചൂടിൽ നിന്നും ആശ്വാസം; ബഹ്റൈനിൽ വരും ദിവസങ്ങളിൽ കാറ്റ് ശക്തമാകും
ബഹ്റൈനിൽ കടുത്ത ചൂടിൽ നിന്നും ഉയർന്ന അന്തരീക്ഷ ഈർപ്പത്തിൽ (ഹ്യുമിഡിറ്റി) നിന്നും വരും ദിവസങ്ങളിൽ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ബുധനാഴ്ച രാവിലെ മുതൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറേക്ക് മാറുന്നതോടെ രാത്രികളിലും അതിരാവിലെയും അനുഭവപ്പെടുന്ന ഈർപ്പത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടാകും. വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റ് വ്യക്തമാക്കി.
വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും, കാറ്റിന്റെ വേഗത വർദ്ധിക്കുന്നത് അന്തരീക്ഷം കൂടുതൽ സുഖകരമാക്കാൻ സഹായിക്കുമെന്നും പ്രവചിക്കപ്പെടുന്നു. അതേസമയം കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ഈർപ്പം 90 ശതമാനം വരെ എത്തുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുമെങ്കിലും കാറ്റ് ശക്തമാകുന്നതോടെ വാരാന്ത്യത്തോടെ താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.