വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്നു; റിയാദ് വിമാനത്താവള റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Mar 13, 2026, 22:49 IST
റിയാദ് സ്പോർട്സ് ട്രാക്ക് പദ്ധതിയുടെ ഭാഗമായി വിമാനത്താവള റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 5 മണി മുതൽ രാവിലെ 9 മണി വരെയാണ് റോഡ് താൽക്കാലികമായി അടച്ചിടുന്നത്. ഈ ഭാഗത്തെ കൂറ്റൻ വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് നടപടി.
എയർപോർട്ട് റോഡും ദമ്മാം റോഡും സംഗമിക്കുന്ന ഇന്റർസെക്ഷൻ മുതൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് തടസ്സം നേരിടുക. ഈ സമയങ്ങളിൽ യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു. കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി യാത്രകൾ നേരത്തെ പ്ലാൻ ചെയ്യണമെന്നും അധികൃതർ പുറത്തുവിട്ട ഗതാഗത ഭൂപടം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.