അറ്റകുറ്റപ്പണി: ദുബായ് പാം മോണോറെയിൽ സർവീസ് താത്കാലികമായി നിർത്തിവെച്ചു

 

ദുബായ് പാം ജുമൈറയിലെ ഏക പൊതുഗതാഗത സംവിധാനമായ പാം മോണോറെയിലിന്റെ (Palm Monorail) സർവീസ് താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. പാം ഗേറ്റ്‌വേ മുതൽ അറ്റ്‌ലാന്റിസ് അക്വാവെഞ്ചർ വരെയുള്ള 5.5 കിലോമീറ്റർ ദൂരത്തിലാണ് ഈ ജനപ്രിയ ഗതാഗത സംവിധാനം സർവീസ് നടത്തുന്നത്.

നാല് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മോണോറെയിൽ വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. സിംഗിൾ ട്രിപ്പിന് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പിന് 10 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. സർവീസുകൾ എന്നാണ് പുനരാരംഭിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മോണോറെയിലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വെബ്‌സൈറ്റ് വഴിയും അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മോണോറെയിൽ സർവീസ് നിലച്ച സാഹചര്യത്തിൽ പാം ജുമൈറ ദ്വീപിനുള്ളിൽ യാത്ര ചെയ്യുന്നതിനായി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ആർ.ടി.എയുടെ (RTA) ഹല ടാക്സി സർവീസുകൾ ഉപയോഗിക്കാവുന്നതാണ്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.