റിയാദ് എയർ കൂടുതൽ വിമാനങ്ങൾ വാങ്ങുന്നു; എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ചകൾ അവസാന ഘട്ടത്തിൽ
Jul 15, 2026, 09:13 IST
ആഗോള സർവീസുകൾ വിപുലീകരിക്കുന്നതിനായി 36 പുതിയ വിമാനങ്ങൾ കൂടി സ്വന്തമാക്കാൻ സൗദി അറേബ്യയുടെ റിയാദ് എയർ ഒരുങ്ങുന്നു. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ആറ് എയർബസ് എ350-1000 വലിയ വിമാനങ്ങളും ബോയിങ് കമ്പനിയുടെ മുപ്പതോളം വിമാനങ്ങളുമാണ് റിയാദ് എയർ പുതുതായി വാങ്ങുന്നത്. അടുത്ത ആഴ്ച ലണ്ടനിൽ നടക്കാനിരിക്കുന്ന ഫാൻബറോ ഇന്റർനാഷണൽ എയർഷോയിൽ ഈ കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
നിലവിൽ ഒൻപത് അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനി, കൂടുതൽ അത്യാധുനിക വിമാനങ്ങൾ സ്വന്തമാക്കി ആഗോള വ്യോമയാന രംഗത്ത് വലിയ മുന്നേറ്റം നടത്താനാണ് ലക്ഷ്യമിടുന്നത്.