റിയാദ് വിമാനത്താവള ആക്രമണം: തീവ്രപരിചരണ വിഭാഗത്തിലുള്ള മൂന്ന് ഇന്ത്യക്കാരുടെ നില തൃപ്തികരമെന്ന് ഇന്ത്യൻ എംബസി
Oct 12, 2026, 11:49 IST
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലുള്ള മൂന്ന് ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റവർ ചികിത്സയിലുള്ള വിവിധ ആശുപത്രികൾ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചതായി അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
നിലവിൽ രണ്ട് പേർ സാധാരണ വാർഡുകളിൽ ചികിത്സയിലുണ്ടെന്നും മറ്റ് പരിക്കേറ്റവർ ആശുപത്രി വിട്ടതായും എംബസി അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യക്കാരിൽ ഒരാൾ മരണപ്പെട്ടിരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയ സൗദി ഭരണകൂടത്തിന് എംബസി നന്ദി രേഖപ്പെടുത്തി. ബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും ഉറപ്പുനൽകുന്നതായും അധികൃതർ വ്യക്തമാക്കി.