റിയാദ് ആക്രമണം: ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സഖ്യസേന

 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ ടെർമിനലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അറബ് സഖ്യസേന. ശനിയാഴ്ച നടന്ന ഹീനമായ ആക്രമണത്തിൽ സിവിലിയൻ യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ജീവഹാനിയും നിരവധി പേർക്ക് പരിക്കുകളും സംഭവിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി നിർണായകവും ശക്തവുമായ തിരിച്ചടി നൽകുമെന്ന് സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ആക്രമണം മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തിലും ഉയർത്തുന്നത്.