സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കായി റിയാദ് എംബസിയിൽ നാളെ ഓപ്പൺ ഹൗസ്

 

സൗദി അറേബ്യയിലുള്ള ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും പരാതികളും നേരിട്ട് ബോധിപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ നാളെ (ഒക്ടോബർ 1, വ്യാഴാഴ്ച) ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി വളപ്പിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി. പ്രവാസികൾക്ക് അംബാസഡറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പ്രശ്നപരിഹാരവും മാർഗനിർദേശങ്ങളും തേടാവുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസിയുടെ ഔദ്യോഗിക ലിങ്കോ ക്യൂആർ കോഡോ ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതേസമയം പാസ്‌പോർട്ട് വിതരണം, രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ പതിവ് കോൺസുലർ സേവനങ്ങളും അപേക്ഷകളുടെ സ്റ്റാറ്റസ് അന്വേഷണങ്ങളും ഓപ്പൺ ഹൗസിന്റെ പരിധിയിൽ വരില്ലെന്നും ഇതിനായി സാധാരണ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും എംബസി വ്യക്തമാക്കി.