റിയാദ് എക്‌സ്‌പോ 2030: ടൂറിസം മന്ത്രാലയവും എക്‌സ്‌പോ അതോറിറ്റിയും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു

 

സൗദി അറേബ്യയുടെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാനും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ടൂറിസം മന്ത്രാലയവും എക്‌സ്‌പോ 2030 റിയാദ് സംഘാടകരും തമ്മിൽ തന്ത്രപ്രധാനമായ സഹകരണ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര തലത്തിൽ സൗദിയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയും എക്‌സ്‌പോയിലേക്ക് പരമാവധി സന്ദർശകരെ ആകർഷിക്കുകയുമാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.

റിയാദിൽ നടന്ന ചടങ്ങിൽ സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദുദ്ദീനും, എക്‌സ്‌പോ 2030 റിയാദ് സി.ഇ.ഒ എൻജി. തലാൽ അൽമർറിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംയുക്ത മാർക്കറ്റിംഗ്, മീഡിയ പദ്ധതികൾ ഈ കരാറിന്റെ ഭാഗമായി ആവിഷ്കരിക്കും.

അന്താരാഷ്ട്ര വിപണികളിൽ സൗദിയെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഇരു വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കും. ഗുണനിലവാരമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലൂടെയും തടസ്സമില്ലാത്ത വിവര കൈമാറ്റത്തിലൂടെയും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. സന്ദർശകരെ ആകർഷിക്കുന്നതിനായി വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും ആധുനിക സേവനങ്ങളും സംയുക്തമായി വികസിപ്പിക്കും. ‘ദീർഘവീക്ഷണമുള്ള നാളേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദ് എക്‌സ്‌പോ നടക്കുന്നത്. 197 രാജ്യങ്ങളും 29 അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്ന ഈ മാമാങ്കത്തിലേക്ക് 4.2 കോടിയിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന റിയാദ് എക്‌സ്‌പോ അന്താരാഷ്ട്ര പ്രദർശനങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടികളിലൊന്നായി മാറും.