റോഡ് അറ്റകുറ്റപ്പണി; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മൂന്ന് ദിവസം അടച്ചിടും
Jul 17, 2026, 01:04 IST
കോൺസുലേറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടച്ചിടുന്നു. നാളെ (ജൂലൈ 17) രാവിലെ മുതൽ ഈ മാസം 19 (ഞായറാഴ്ച) വരെയാണ് ഓഫീസ് അടച്ചിടുകയെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
ഈ ദിവസങ്ങളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ (രേഖകൾ സാക്ഷ്യപ്പെടുത്തൽ) സേവനങ്ങൾ ലഭ്യമായിരിക്കില്ല. തടസ്സപ്പെട്ട സേവനങ്ങൾ ജൂലൈ 20 തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ സേവനങ്ങൾക്കായി അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ജൂലൈ 19-ന് രാത്രി 8 മണി മുതൽ ഓൺലൈനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ജൂലൈ 17-ന് തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.