റിയാദിലെ റബുഅ, ദഹ്റത്ത് ലബൻ മേഖലകളിൽ റോഡ് നവീകരണം ആരംഭിച്ചു; ഒരു മാസത്തോളം നിയന്ത്രണമുണ്ടാകും
നഗരത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റിയാദ് നഗരസഭ വിപുലമായ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചു. നഗരത്തിലെ പ്രധാന ജനവാസ മേഖലകളായ റബുഅ, ദഹ്റത്ത് ലബൻ എന്നിവിടങ്ങളിലാണ് നഗരസഭയുടെ ഫീൽഡ് ടീമുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
അൽ റബുഅ ഡിസ്ട്രിക്ടിലെ അമീർ ബദർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ നഹ്ദ റോഡ്, ഹൈഫ സ്ട്രീറ്റ്, ഇബ്നു ബാദിസ് സ്ട്രീറ്റ് എന്നിവയുടെ പരിധിയിൽ വരുന്ന റോഡുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുക. മെയ് 11 മുതൽ ആരംഭിക്കുന്ന ഈ പ്രവൃത്തികൾ ജൂൺ ഒമ്പത് വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി. ദഹ്റത്ത് ലബൻ മേഖലയിൽ മെയ് 11 മുതൽ 22 വരെയാണ് പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
സെക്കൻഡ് റിങ് റോഡ്, ജിദ്ദ റോഡ്, കൂടാതെ പ്രദേശത്തെ തുറസ്സായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പണികൾ പൂർത്തിയാക്കി റോഡുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭയുടെ നീക്കം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വഴിയുള്ള യാത്രക്കാർക്ക് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്നും അതിനാൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.