ബഹ്‌റൈനിൽ കുടിവെള്ളത്തിനായി തിരക്ക്; പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

 

ബഹ്‌റൈനിലെ കടൽ ജലശുദ്ധീകരണ പ്ലാന്‍റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യത്ത് കുടിവെള്ളത്തിനായി ജനങ്ങളുടെ വൻ തിരക്ക്. സൂപ്പർമാർക്കറ്റുകളിലും ഗ്രോസറി കടകളിലും കുപ്പി വെള്ളവും വാട്ടർ ക്യാനുകളും വൻതോതിൽ ശേഖരിക്കാൻ ആളുകൾ എത്തുന്നതോടെ പലയിടങ്ങളിലും സ്റ്റോക്ക് അതിവേഗം തീരുകയാണ്. എന്നാൽ ജലവിതരണ ശൃംഖല സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) അറിയിച്ചു.

പ്ലാന്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ നേരിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ഇത് രാജ്യത്തെ ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരാൾ തന്നെ 200 മുതൽ 500 വരെ ക്യാനുകൾക്ക് ഓർഡർ നൽകുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രാദേശിക വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ജലക്ഷാമം ഉണ്ടായേക്കുമെന്ന ഭയമാണ് ജനങ്ങളെ ഇത്തരത്തിൽ സാധനങ്ങൾ വാരിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്.

രാജ്യത്തെ ശുദ്ധജല ഉൽപ്പാദനവും വിതരണവും നിലവിൽ സാധാരണ നിലയിൽ തന്നെ തുടരുന്നുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി. കൃത്രിമമായ ക്ഷാമം സൃഷ്ടിക്കരുതെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു. ജലലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.