പരിശീലനത്തിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു വീണു; 6 സൈനികർ കൊല്ലപ്പെട്ടു

 

പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള 'ടിയു 95' (Tu-95) തന്ത്രപ്രധാന ബോംബർ വിമാനം തകർന്നു വീണ് 6 സൈനികർ കൊല്ലപ്പെട്ടു. റഷ്യയിലെ അമൂർ മേഖലയിൽ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എൻജിൻ തകരാർ മൂലമാണ് അപകടമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയത്ത് വിമാനത്തിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന കരുത്തായ നാല് ടർബോപ്രോപ്പ് എൻജിനുകളുള്ള ഈ ബോംബർ വിമാനങ്ങൾ യുക്രെയ്ൻ യുദ്ധത്തിലും റഷ്യ വ്യാപകമായി ഉപയോഗിച്ചിരുന്നു. യുക്രെയ്നുമായുള്ള പോരാട്ടം ശക്തമായി തുടരുന്നതിനിടയിൽ സ്വന്തം അതിർത്തിക്കുള്ളിലുണ്ടായ ഈ അപകടം റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്. സംഭവത്തിൽ സാങ്കേതിക കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു.