മസ്‌കത്ത് - മെദാൻ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് സലാം എയർ
ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ ഇന്തോനേഷ്യയിലെ മെദാൻ നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. 2026 ജൂലൈ 3 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലേക്ക് ഈ എയർലൈൻ നടത്തുന്ന ആദ്യ നേരിട്ടുള്ള കണക്ഷനാണിത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് തങ്ങളുടെ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സലാം എയറിന്റെ ഈ നീക്കം. ഒമാനും ഇന്തോനേഷ്യയും തമ്മിലുള്ള ടൂറിസം, വ്യാപാര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ഈ സർവീസ് സഹായിക്കും. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി രാജ്യാന്തര കണക്ടിവിറ്റി വർധിപ്പിക്കാനും ഒമാനെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നോർത്ത് സുമാത്രയുടെ തലസ്ഥാനമായ മെദാൻ, പ്രകൃതിഭംഗിയാൽ സമൃദ്ധമായ ലേക്ക് ടോബയിലേക്കും മഴക്കാടുകളിലേക്കുമുള്ള പ്രവേശന കവാടം കൂടിയാണ്. പുതിയ റൂട്ട് നിലവിൽ വരുന്നതിനെ ഒമാനിലെ ഇന്തോനേഷ്യൻ അംബാസഡർ എച്ച്.ഇ. മുഹമ്മദ് ഇർസാൻ ജോഹാൻ സ്വാഗതം ചെയ്തു. ഗൾഫ് മേഖലയും സുമാത്ര ദ്വീപും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്താൻ ഈ തന്ത്രപരമായ നടപടി ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.