സലാം എയറിന്റെ മസ്‌കത്ത്-അബഹ സർവീസിന് തുടക്കം; ആദ്യ വിമാനത്തിന് ഊഷ്മള വരവേൽപ്

 

ഒമാൻ സുൽത്താനേറ്റിനെ സൗദി അറേബ്യയിലെ അസീർ മേഖലയുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസിന് ആവേശകരമായ തുടക്കം. മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി പറന്നിറങ്ങിയ സലാം എയർ വിമാനത്തിന് ഊഷ്മളമായ വരവേൽപാണ് അധികൃതർ നൽകിയത്. ഒമാനിലെ പ്രമുഖ ബജറ്റ് എയർലൈനായ സലാം എയർ, തങ്ങളുടെ പ്രാദേശിക നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാനും ഈ പുതിയ സർവീസ് സഹായിക്കും. ഒമാൻ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കും സൗദിയിലെ അസീർ മേഖലയിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർക്കും ഈ വിമാന സർവീസ് ഏറെ പ്രയോജനകരമാകും.

ആഴ്ചയിൽ നാല് സർവീസുകളാണ് മസ്‌കത്ത്-അബഹ റൂട്ടിൽ സലാം എയർ ക്രമീകരിച്ചിരിക്കുന്നത്. പുതിയ സർവീസ് ആരംഭിച്ചതോടെ ഒമാനും സൗദിക്കുമിടയിലെ വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.