സ്വദേശി ജീവനക്കാരുടെ ശമ്പളം ഇൻഷുറൻസ് ഫണ്ടിൽ നിന്ന്; ബഹ്‌റൈനിൽ രജിസ്ട്രേഷൻ നാളെ അവസാനിക്കും
ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം തൊഴിലില്ലായ്മ ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നൽകുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ (ചൊവ്വ) അവസാനിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഏപ്രിൽ 28-നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) അറിയിച്ചു.
സ്വദേശി തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുകയുമാണ് ഈ നടപടിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് ശൂറാ കൗൺസിലും ലെജിസ്ലേറ്റീവ് അതോറിറ്റിയും നേരത്തെ അംഗീകാരം നൽകിയിരുന്നു. താല്പര്യമുള്ള തൊഴിലുടമകൾ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അടിയന്തരമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഏപ്രിൽ മാസത്തെ ഇൻഷുറൻസ് രേഖകൾ പ്രകാരമുള്ള ശമ്പളമാണ് ഈ പദ്ധതിയിലൂടെ അനുവദിക്കുക. തൊഴിലുടമകൾ ജീവനക്കാർക്ക് സാധാരണ പോലെ ശമ്പളം നൽകുകയും തുടർന്ന് ഏപ്രിൽ 30-ഓടെ ഈ തുക സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് എസ്.ഐ.ഒ കൈമാറുകയും ചെയ്യും. ലേബർ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി, വിപണിയിലെ സാമ്പത്തിക ചലനങ്ങൾ നിലനിർത്തുന്നതിനും സ്വദേശി തൊഴിൽ ശക്തിയെ സംരക്ഷിക്കുന്നതിനും ഏറെ ഗുണകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.