ഏഴ് ദിവസത്തിനകം ശമ്പളം നൽകണം; ഡബ്ല്യു.പി.എസ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ
രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം കൃത്യമായും സുരക്ഷിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വേതന സംരക്ഷണ സംവിധാനത്തിൽ (WPS) സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. പുതിയ തീരുമാനപ്രകാരം, വാർഷികമോ പ്രതിമാസമോ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ശമ്പളം വേതന തീയതി മുതൽ ഏഴ് ദിവസത്തിനകം രാജ്യത്തെ അംഗീകൃത ബാങ്കുകളിലെ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് തൊഴിലുടമകൾ നിർബന്ധമായും കൈമാറണം.
തൊഴിൽ മന്ത്രിയുടെ 2026-ലെ 50-ാം നമ്പർ തീരുമാനമായാണ് പുതിയ നിയമം നീതിന്യായ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ (പതിപ്പ് 15) പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ ആർട്ടിക്കിൾ 2 പ്രകാരം, ഓരോ കലണ്ടർ മാസത്തിന്റെയും ആദ്യ ദിവസമാണ് തൊഴിലാളികളുടെ ശമ്പളം നൽകേണ്ടത്. മറ്റുള്ള തൊഴിലാളികൾക്ക് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ആദ്യ ദിവസം വേതനം നൽകണം. ശമ്പള വിതരണവുമായി ബന്ധപ്പെട്ട 2015-ലെ നാലാം നമ്പർ തീരുമാനത്തിലെ വ്യവസ്ഥകളിലാണ് ഇപ്പോൾ കാലോചിതമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു. ശമ്പളം കൃത്യമായി വിതരണം ചെയ്യാത്ത കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കും. പുതിയ നിയമം ലംഘിക്കുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പുതിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.