റഷ്യയുമായി ബന്ധം ആരോപിച്ച് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു; നാല് ഇന്ത്യൻ കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽനിന്ന് ഒഴുവാക്കി
റഷ്യൻ ബന്ധം ആരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം അമേരിക്ക പിൻവലിച്ചു. റഷ്യൻ സൈനിക-വ്യാവസായിക മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകി എന്നാരോപിച്ചായിരുന്നു ഈ കമ്പനികൾക്കെതിരെ മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോളിന്റെ (OFAC) പ്രത്യേക ഉപരോധ പട്ടികയിൽനിന്നാണ് ഈ കമ്പനികളെ ഇപ്പോൾ പൂർണ്ണമായി ഒഴിവാക്കിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർആർജി എൻജിനീയറിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീൻസ് ലിമിറ്റഡ്, അഹമ്മദാബാദിലെ ഗാലക്സി ബെയറിങ്സ് ലിമിറ്റഡ്, ന്യൂഡൽഹി ആസ്ഥാനമായുള്ള ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയുള്ള നടപടിയാണ് യുഎസ് പിൻവലിച്ചത്.
റഷ്യൻ സ്ഥാപനങ്ങളിലേക്ക് റോളർ ബെയറിങ്ങുകൾ കയറ്റുമതി ചെയ്തതിനാണ് 2024 ഒക്ടോബറിൽ ഗാലക്സി ബെയറിങ്സിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയ്ക്ക് റഡാർ ഉപകരണങ്ങളും റേഡിയോ നാവിഗേഷൻ സംവിധാനങ്ങളും നൽകിയെന്നതായിരുന്നു ശൗര്യ എയറോനോട്ടിക്സിനെതിരെയുള്ള ആരോപണം. ആർആർജി എൻജിനീയറിങ് അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ആർട്ടെക്സ് ലിമിറ്റഡ് എന്ന റഷ്യൻ കമ്പനിക്ക് നൂറിലധികം തവണ മൈക്രോ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അയച്ചതായും, ലോകേഷ് മെഷീൻസ് റഷ്യൻ നിർമാണ കമ്പനികളിലേക്ക് മെഷീൻ ടൂളുകൾ കയറ്റുമതി ചെയ്തതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു മുൻപ് നടപടി സ്വീകരിച്ചത്. എന്നാൽ, നിലവിൽ ഈ കമ്പനികളെ ഉപരോധ പട്ടികയിൽനിന്ന് ഒഴിവാക്കാനുണ്ടായ സാഹചര്യം യുഎസ് ട്രഷറി വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.