സൗദി എയർലൈൻസ് ഏഴ് നഗരങ്ങളിലേക്കുള്ള വിമാന സർവീസ് വിലക്ക് നീട്ടി

 

മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകളുടെ വിലക്ക് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) നീട്ടി. കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ എന്നീ ഗൾഫ് നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 12 വ്യാഴാഴ്ച വരെയാണ് റദ്ദാക്കിയത്.

കൂടാതെ മോസ്‌കോ (റഷ്യ), പെഷവാർ (പാകിസ്താൻ) എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ വിലക്ക് മാർച്ച് 15 ഞായറാഴ്ച വരെയും നീട്ടിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് സൗദിയ അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അനിവാര്യമായ സർവീസുകൾ പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതനുസരിച്ച് യാത്രക്കാരെ ഉടൻ അറിയിക്കുമെന്നും കമ്പനി അറിയിച്ചു. സർവീസുകൾ റദ്ദാക്കിയത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളുടെ യാത്രാ പദ്ധതികളെ ബാധിച്ചിട്ടുണ്ട്.