ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്

 

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിലാണ് സർവീസുണ്ടാകുക.  പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസമേകുന്നതാണ് പുതിയ സർവീസ്. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

പുതിയ സമയക്രമം അനുസരിച്ച്, ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട്ടെത്തും. മടക്കയാത്രയിൽ രാത്രി 7.05-ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിൽ എത്തിച്ചേരുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. 180 പേർക്ക് വരെ യാത്ര ചെയ്യാവുന്ന എയർബസ് 321 (Airbus 321) വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോ ചെക്ക്-ഇൻ ലഗേജ് അനുവദിക്കും.

ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ നേരത്തെ ഫ്ലൈനാസ് (Flynas) ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗദിയയും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസിന് തുടക്കമിട്ടിരിക്കുന്നത്.