യമന് വീണ്ടും സൗദി സഹായം; സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 22.4 കോടി റിയാൽ അനുവദിച്ചു

 

കടുത്ത ആഭ്യന്തര-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യമൻ സർക്കാരിന് കൈത്താങ്ങായി സൗദി അറേബ്യ വീണ്ടും വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യമൻ സർക്കാരിന്റെ ബജറ്റ് കമ്മി നികത്തുന്നതിനും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങാതെ നടത്തുന്നതിനുമായി 22.4 കോടിയിലധികം സൗദി റിയാലാണ് സൗദി ഭരണകൂടം അനുവദിച്ചത്.

സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശപ്രകാരവും പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെ ഇടപെടലുകളുടെയും ഭാഗമായാണ് ഈ തുക കൈമാറിയത്. യമന്റെ പുനർനിർമാണത്തിനും വികസനത്തിനുമായുള്ള സൗദി പ്രോഗ്രാം (SDRPY) വഴിയാണ് ധനസഹായം ലഭ്യമാക്കിയതെന്ന് യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ ഔദ്യോഗികമായി വ്യക്തമാക്കി. യമൻ സർക്കാരിന്റെ സാമ്പത്തിക ലഭ്യത ഉറപ്പാക്കുന്നതിനും യമനി റിയാലിന്റെ മൂല്യത്തകർച്ച തടയുന്നതിനും ഈ തുക നിർണായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ സഹായം വലിയ പിന്തുണയാകും.

വിവിധ ഗവർണറേറ്റുകളിലെ വൈദ്യുത നിലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി 15 കോടി ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൈമാറാനുള്ള കരാറിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യമൻ ജനതയ്ക്ക് ആശ്വാസമേകി ശമ്പള വിതരണത്തിനുള്ള പുതിയ സാമ്പത്തിക പാക്കേജും സൗദി അനുവദിച്ചിരിക്കുന്നത്.