സൈനിക-പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗദിയും ഫ്രാൻസും; പാരീസിൽ ഉന്നതതല ചർച്ച

 

സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സൈനിക-പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പാരീസിൽ ഉന്നതതല ചർച്ചകൾ നടന്നു. പാരീസിൽ നടക്കുന്ന 'യൂറോസറ്ററി 2026' അന്താരാഷ്ട്ര പ്രതിരോധ സുരക്ഷാ എക്സിബിഷന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും പ്രതിരോധ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച്, എക്സിക്യൂട്ടീവ് അഫയേഴ്സ് അസിസ്റ്റന്റ് ഡിഫൻസ് മന്ത്രി ഖാലിദ് അൽ ബയാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചകൾ നടത്തിയത്.

ഫ്രഞ്ച് ആർമമെന്റ്സ് കമ്മീഷണർ ജനറൽ പാട്രിക് ബായോ, ഫ്രഞ്ച് സായുധ സേനാ മന്ത്രാലയത്തിലെ ഇന്റർനാഷണൽ ആന്റ് സ്ട്രാറ്റജിക് റിലേഷൻസ് ഡയറക്ടർ ജനറൽ ഗില്ലൂം ഔലാഗ്നിയർ എന്നിവരുമായി ഖാലിദ് അൽ ബയാരി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരുവിഭാഗവും വിലയിരുത്തി. തുടർന്ന് എലീസി കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് ചീഫ് ഓഫ് സ്പെഷ്യൽ സ്റ്റാഫ് ജനറൽ വിൻസെന്റ് ഗിറൗഡുമായും അൽ ബയാരി ചർച്ച നടത്തി.

എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക പവലിയനും അസിസ്റ്റന്റ് ഡിഫൻസ് മന്ത്രി സന്ദർശിച്ചു. വിവിധ സൗദി സർക്കാർ ഏജൻസികളും ദേശീയ പ്രതിരോധ കമ്പനികളും തദ്ദേശീയമായി വികസിപ്പിച്ച നൂതന സാങ്കേതികവിദ്യകളാണ് പവലിയനിൽ പ്രദർശിപ്പിക്കുന്നത്. മറ്റ് അന്താരാഷ്ട്ര കമ്പനികളുടെ പവലിയനുകളും സന്ദർശിച്ച സൗദി സംഘം, പ്രതിരോധ-സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ ആഗോള സാങ്കേതിക മുന്നേറ്റങ്ങളും വിലയിരുത്തി.