മനില വിമാനത്താവളത്തിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

 

ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക എയർലൈനായ സൗദിയയും (Saudia) ഫിലിപ്പൈൻ എയർലൈൻസും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് സൗദിയയുടെ ജിദ്ദയിലേക്കുള്ള സർവീസ് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ജിദ്ദയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന സൗദിയയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിന്റെ ചിറകിന്റെ അറ്റം (Wingtip), വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഫിലിപ്പൈൻ എയർലൈൻസിന്റെ എയർബസ് എ320 വിമാനത്തിന്റെ വാൽ ഭാഗത്ത് (Tail) ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടസമയത്ത് വിമാനങ്ങളിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമായി. സുരക്ഷാ പരിശോധനകൾക്കും തുടർനടപടികൾക്കുമായി ഇരു വിമാനങ്ങളും നിലവിൽ മനില എയർപോർട്ടിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചു.