സൗദിയിൽ ഹോട്ടലുകളിലും അപ്പാർട്ട്‌മെന്റുകളിലും ഗ്യാസ് സിലിണ്ടറുകൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി മന്ത്രാലയം
സൗദി അറേബ്യയിലെ ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര താമസകേന്ദ്രങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ഈ നടപടി.
മദീനയിലെ താമസകേന്ദ്രങ്ങൾക്കാണ് മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ സർക്കുലർ നൽകിയത്. ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവർ കൈയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഗ്യാസ് സ്റ്റൗവുകളോ സിലിണ്ടറുകളോ മുറിക്കുള്ളിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ടൂറിസം ഹോസ്പിറ്റാലിറ്റി ചട്ടങ്ങളിലെ ആർട്ടിക്കിൾ 22 പ്രകാരമാണ് ഈ തീരുമാനം. ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നത് തടയാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തീപിടുത്തം പോലുള്ള ദാരുണമായ അപകടങ്ങൾ ഒഴിവാക്കി സന്ദർശകർക്ക് സുരക്ഷിതമായ താമസം ഒരുക്കുക എന്നതാണ് നിയമം ലക്ഷ്യമിടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.