40 രാജ്യങ്ങളിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി
പക്ഷിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനായി 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഇതിനുപുറമെ 16 രാജ്യങ്ങളിലെ ചില പ്രത്യേക പ്രവിശ്യകൾക്കും നഗരങ്ങൾക്കും ഭാഗിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തി 2004 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കി വരുന്ന നിയന്ത്രണങ്ങളുടെ തുടർച്ചയാണിത്.
അഫ്ഗാനിസ്ഥാൻ, ജർമ്മനി, ഇന്തോനേഷ്യ, ഇറാൻ, ബംഗ്ലാദേശ്, ഇന്ത്യ, ചൈന, ജപ്പാൻ, യുകെ, ഈജിപ്ത് തുടങ്ങി 40 രാജ്യങ്ങൾക്കാണ് സമ്പൂർണ നിരോധനമുള്ളത്. അതേസമയം ഓസ്‌ട്രേലിയ, യുഎസ്, ഫ്രാൻസ്, കാനഡ, മലേഷ്യ തുടങ്ങിയ 16 രാജ്യങ്ങളിലെ നിശ്ചിത മേഖലകളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിയന്ത്രണമേയുള്ളൂ. ന്യൂകാസിൽ ഡിസീസ് വൈറസിനെ ഇല്ലാതാക്കാൻ പര്യാപ്തമായ രീതിയിൽ ശാസ്ത്രീയമായി സംസ്‌കരിച്ച ഉൽപ്പന്നങ്ങളെ താൽക്കാലിക നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് അതത് രാജ്യങ്ങളിലെ ഔദ്യോഗിക അധികൃതർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലേക്ക് എത്തുന്ന എല്ലാ ഉൽപ്പന്നങ്ങളും കർശനമായ പരിശോധനകൾക്ക് ശേഷമേ വിപണിയിൽ എത്തിക്കുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി. രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ അതിർത്തികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.