സൗദിയിൽ ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ അച്ചടിക്കുന്നതിന് വിലക്ക്
Jan 13, 2026, 20:18 IST
സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങൾ ഷോപ്പിങ് ബാഗുകൾ, കവറുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനാമങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും അവ അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടുന്നത് തടയുന്നതിനുമാണ് ഈ സുപ്രധാന തീരുമാനമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു.
ഉപയോഗത്തിന് ശേഷം ഇത്തരം ബാഗുകളും കവറുകളും വലിച്ചെറിയപ്പെടാൻ സാധ്യതയുള്ളതിനാൽ ദൈവനാമങ്ങൾ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പൊതു സ്ഥാപനങ്ങൾക്ക് പേരിടുമ്പോൾ ദൈവനാമങ്ങൾ ഉപയോഗിക്കുന്നതിന് മന്ത്രാലയം നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.