ജോർഡാനും ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു
സൗഹൃദ രാജ്യങ്ങളായ ജോർഡാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവയ്‌ക്കെതിരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാന്റെ ഇത്തരം നടപടികൾ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിനായി എല്ലാ വിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും പുതിയ സംഘർഷങ്ങളിലേക്ക് വഴിമാറുന്നത് ഒഴിവാക്കണമെന്നും രാജ്യം ആഹ്വാനം ചെയ്തു. വിവേകപൂർണ്ണമായ നിലപാടുകൾ സ്വീകരിച്ച് നയതന്ത്ര ചർച്ചകളുടെ പാതയിലേക്ക് മടങ്ങേണ്ടതുണ്ട്. മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി പാകിസ്താന്റെ മേൽനോട്ടത്തിലും ഖത്തറിന്റെ സഹകരണത്തിലുമുള്ള ക്രിയാത്മക ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും സൗദി ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുന്നത് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ പ്രാദേശിക തലത്തിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നിലവിലെ നയതന്ത്രശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.