സൗദിയിൽ ഹെവി വാഹനങ്ങളുടെ പദവി ശരിയാക്കാനുള്ള സമയപരിധി നീട്ടി

 

സൗദി അറേബ്യയിൽ ഹെവി വാഹനങ്ങളുടെ പദവി ക്രമീകരിക്കുന്നതിന് അനുവദിച്ച സമയപരിധി നീട്ടിയതായി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 27 വരെയാണ് സാവകാശം നീട്ടി നൽകിയത്. ഗതാഗത ലോജിസ്റ്റിക്സ് മന്ത്രിയും ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനീയർ സാലിഹ് അൽ-ജാസറാണ് തീരുമാനം പ്രഖ്യാപിച്ചത്.

നേരത്തെ പലതവണ നീട്ടിനൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. രാജ്യത്തെ കൂടുതൽ ഹെവി വാഹനങ്ങളെ വാണിജ്യ, വാണിജ്യേതര ആവശ്യങ്ങൾക്കായി നിയമവിധേയമായി പ്രയോജനപ്പെടുത്തുന്നതിനാണ് ഈ നീക്കം.

സ്വകാര്യ സർവീസിൽ നിന്ന് പൊതുഗതാഗത വിഭാഗത്തിലേക്ക് വാഹന രജിസ്‌ട്രേഷൻ തരം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങും. കൂടാതെ ബസുകൾക്ക് ലൈസൻസ് നേടുന്നതിനായി നിശ്ചയിച്ച പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധിയിലും 2027 ഫെബ്രുവരി 27 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.