സൗദിയിലെ ഭക്ഷണശാലകളിലെ പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കി

 

സൗദി അറേബ്യയിലെ ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകൾ റെക്കോർഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറ നിർബന്ധമാക്കി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയമാണ് പുതിയ നിർദേശം പുറത്തിറക്കിയത്.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരിശോധനകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് നടപടി. ഇൻസ്‌പെക്ടർമാർ ധരിക്കുന്ന ബോഡി ക്യാമറകളിലെ ദൃശ്യങ്ങൾ നേരിട്ട് മുംതസിൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും.

പരിശോധനകൾ കൂടുതൽ സുതാര്യമാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഭക്ഷണശാലകളിലെ ആരോഗ്യ മാനദണ്ഡങ്ങൾ പുതുക്കിയതിനു പിന്നാലെയാണ് പരിശോധനകളും ശക്തമാക്കിയത്. ഭക്ഷണശാല ജീവനക്കാർക്കുള്ള ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്.